ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ ജനം കൊടും ദുരിതത്തിലും പട്ടിണിയിലുമെന്ന് റിപ്പോർട്ട്. ഒരു ഡോളറിന് 255 പാക് രൂപയെന്നതാണ് നിലവിലെ കണക്ക്. ഐ.എം.എഫിൽ നിന്ന് വായ്പ എടുക്കുന്നതിനായി വിനിമയ നിരക്ക് സർക്കാർ അയച്ചതിന് പിന്നാലെയാണ് രൂപ തകർന്നടിഞ്ഞത്. വിനിമയ നിരക്കിൽ അയവ് വരുത്തി മണിക്കൂറുകൾ കഴിഞ്ഞതോടെ 24 രൂപയാണ് ഇടിഞ്ഞത്.
6.5 ബില്യൻ ഡോളർ വായ്പ കാത്തിരുന്ന പാകിസ്ഥാന് മുന്നിലേക്ക് രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും വിപണിശക്തികൾ സ്വയം വിനിമയ നിരക്ക് നിർണയിക്കട്ടെയെന്നുമുള്ള നിർദേശം ഐ.എം.എഫ് നൽകി. സർക്കാർ ഇത് അംഗീകരിച്ചതോടെയാണ് രൂപ കൂപ്പുകുത്തിയത്.
നാണ്യപ്പെരുപ്പം റോക്കറ്റ് പോലെ ഉയർന്നതോടെ ജനം തെരുവിൽ ഭക്ഷണത്തിനായി തമ്മിലടിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ പറയുന്നു. ഒരു പാക്കറ്റ് മൈദയുടെ വില 3000 പാക് രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭക്ഷണവുമായി പോകുന്ന ട്രക്കുകളെ ജനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. മണിക്കൂറുകൾ നീളുന്ന വൈദ്യുതിയില്ലായ്മ പാക് ജനതയ്ക്ക് പുത്തരിയല്ലാതെയായിക്കഴിഞ്ഞു. ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും എല്ലാവരും അലസരും മടിയരുമായി മാറി. യന്ത്രങ്ങളടക്കം പൊടിപിടിച്ചുവെന്നാണ് സഫർ അലിയെന്ന വർക്ഷോപ്പ് ഉടമ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.