ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകർത്ത ഭരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നു സാമ്പത്തികവിദഗ്ധനും ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പറക്കാല പ്രഭാകറിന്റെ പുതിയ പുസ്തകത്തിൽ വിമർശനം.
വികസനത്തിന്റെ പേരിൽ ഹിന്ദുരാഷ്ട്രമെന്ന അജൻഡ ഒളിച്ചു കടത്തുകയായിരുന്നു കഴിഞ്ഞ 9 വർഷമായി നരേന്ദ്ര മോദിയും ബിജെപിയുമെന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദ് ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന ലേഖനസമാഹാരത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല,വ്യാജപ്രചാരണങ്ങൾകൊണ്ട് ഓട്ടയടയ്ക്കുകയാണ് ഭരണകൂടവും അണികളും,
1990കൾക്കുശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതൽപ്പേരെ തള്ളിവിട്ട ഭരണമാണിത്, വിവിധ സൂചികകളിൽ ഇന്ത്യ പിന്നാക്കം പോയതു മറച്ചുവയ്ക്കുന്നു, 2016 മുതൽ രാജ്യത്തെ തൊഴില്ലായ്മയെക്കുറിച്ചു സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.