ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മകൾക്കൊപ്പം പഠാൻ സിനിമ കണ്ട് സൂപ്പർതാരം ഷാറുഖ് ഖാൻ. പഠാൻ സിനിമ മകളോടൊപ്പം കാണാൻ ഷാറുഖിന് ധൈര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീഷ് ഗൗതം രംഗത്തു വന്നിരുന്നു. മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഷാറുഖ് പഠാൻ കണ്ടത്. ചിത്രത്തിന്റെ തിയറ്റർ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്ക്രീനിങ്ങിനാണ് നടൻ കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പം കിങ് ഖാന്റെ സഹോദരി ഷെഹ്നാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു.
‘ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തിൽ ഒരു സിനിമ എടുത്ത് അത് പ്രദർശിപ്പിക്കാനും ഞാൻ വെല്ലുവിളിക്കുന്നു’– എന്നാണ് ഗിരീഷ് ഗൗതം പറഞ്ഞത്.
‘പഠാൻ’ സിനിമ തിയറ്ററുകളിൽ ബഹിഷ്കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ, പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും പഠാൻ സിനിമയ്ക്കെതിരെ രംഗത്തുവന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നാണ് ഇവരുടെ വാദം.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം. ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.