കണ്ണൂർ: കേരളത്തിൽ ഡീസിലിനും പെട്രോളിനും 2 രൂപാ സാമൂഹ്യ സുരക്ഷാ സെസ് നിലവിൽ വന്നതോടെ ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്.
കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്. മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വർധിച്ചിട്ടുണ്ട്.
ഒരു ലിറ്റർ പെട്രോളിന് മാഹിയിൽ നൽകേണ്ടത് 93 രൂപ 80 പൈസ. മാഹി പിന്നിട്ട് തലശ്ശേരിയിൽ എത്തിയാൽ വില 108 രൂപ 19 പൈസയാകും. അതായത് 14 രൂപ 39 പൈസയുടെ വ്യത്യാസം.
ഡീസലിന് 97 രൂപ 12 പൈസയാണ് കണ്ണൂരിലെ വില. മാഹിയിലാകട്ടെ 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം. കാറിന്റെ ഫുൾ ടാങ്ക് കപ്പാസിറ്റി 35 ലിറ്റർ ആണെങ്കിൽ ഒരു തവണ മാഹിയിൽ നിന്ന് പെട്രോൾ നിറച്ചാൽ 504 രൂപ ലാഭിക്കാം.
125 ലിറ്റർ ടാങ്കുള്ള ചരക്ക് വാഹനമെങ്കിൽ ഫുൾ ടാങ്ക് ഡീസലടിച്ചാൽ 1675 രൂപ ലാഭിക്കാം. അതുകൊണ്ട് തന്നെ മാഹിയിലെ പമ്പുകളിലെല്ലാം വൻ തിരക്കാണ് ഇപ്പോൾ. മാഹി വഴി കടന്നു പോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. ചെറിയ അളവിൽ ഇന്ധനം നിറച്ചാൽ പോലും തെറ്റില്ലാത്ത ഒരു തുക ലാഭിക്കാം.
17 പെട്രോൾ പമ്പുകളാണ് നിലവിൽ മാഹിയിലിലുളളത്. പ്രതിദിനം നടക്കുന്നത് വൻ കച്ചവടം. ഇതിനിടെ മാഹിയിൽ നിന്നും ഇന്ധന കടത്തും സജീവമായിട്ടുണ്ട്. 12,000 ലിറ്റർ സംഭരണ ശേഷിയുളള വലിയ ടാങ്കറുകളിലാണ് പ്രധാനമായും ഇന്ധനം കടത്തുന്നത്.
ഒരു ടാങ്കർ ഇന്ധനം മാഹി അതിർത്തി കടത്തിയാൽ ലഭിക്കുന്ന ശരാശരി ലാഭം 1.30 ലക്ഷം രൂപയാണ്. ന്യൂ മാഹി, ധർമ്മടം സ്റ്റേഷനുകളിൽ ഇതിനകം നിരവധി ഇന്ധനക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ട്.