ദുബായ് : ഈ വർഷം മുഴുവൻ എണ്ണ ഉൽപാദനം കുറയ്ക്കാൻ റഷ്യ അടക്കമുള്ള ഉൽപാദക രാജ്യങ്ങൾ (ഒപെക് പ്ലസ്) തീരുമാനിച്ചതോടെ ഇന്ത്യ ഉൾപ്പെടെ ഇന്ധന ഇറക്കുമതി രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നേക്കും. ഉൽപാദക രാജ്യങ്ങൾ തീരുമാനം നടപ്പാക്കുന്നതോടെ പ്രതിദിനം 36.6 ലക്ഷം ബാരൽ എണ്ണയുടെ കുറവ് വിപണിയിൽ ഉണ്ടാകും. ആഗോള ആവശ്യത്തിന്റെ 3.7 ശതമാനം വരുമിത്. ഇന്ധന വില ബാരലിന് 70 ഡോളറിലേക്കു കൂപ്പു കുത്തിയതാണ് ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനത്തിനു കാരണം.
തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ വില ബാരലിന് 86 ഡോളർ വരെ ഉയർന്നു. അടുത്ത മാസം തീരുമാനം നടപ്പാക്കുന്നതോടെ വില വീണ്ടും വർധിക്കുമെന്നും ബാരലിന് 100 ഡോളറിലേക്ക് എത്തുമെന്നും ഉൽപാദക രാജ്യങ്ങൾ അറിയിച്ചു. ബാരലിന് 139 ഡോളർ വിലയുണ്ടായിരുന്നതാണ് 70ൽ എത്തിയത്. വിപണി സ്ഥിരത ലക്ഷ്യമിട്ടാണ് എണ്ണ ഉൽപാദനം കുറച്ചതെന്ന് സൗദി പ്രതികരിച്ചു.
പാശ്ചാത്യ ബാങ്കുകളുടെ തകർച്ചയും റഷ്യൻ ഇന്ധനത്തിനു പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണവുമാണ് ഉൽപാദനം കുറച്ചതിന്റെ കാരണമായി റഷ്യ പറയുന്നത്. അമേരിക്കൻ ബാങ്കുകളുടെ തകർച്ചയോടെ ഇന്ധന അധിഷ്ഠിത ഓഹരികൾ വ്യാപകമായി വിറ്റഴിച്ചത് ഇന്ധന വില കുറച്ചു. ഒപെക് പ്ലസ് രാജ്യങ്ങൾ ആഗോള അടിസ്ഥാനത്തിൽ സാമ്പത്തിക മാന്ദ്യത്തെ പ്രതീക്ഷിക്കുന്നതിന്റെ സൂചനയാണിതെന്ന് ഗവേഷണ സ്ഥാപനമായ റെഡ്ബേൺ വിലയിരുത്തുന്നു.
ഇന്ധന വിലയിൽ ചൂതാട്ടം നടത്തുന്നവരെ നേരിടാനുള്ള നീക്കമായാണ് വിപണി ഇടപെടലിനെ സൗദി വിശേഷിപ്പിക്കുന്നത്. ഇന്ധന വിലയിൽ വാതുവയ്പ്പു നടത്തുന്നതിനെതിരെ ശക്തമായ നിലപാടാണ് തുടക്കം മുതൽ സൗദി സ്വീകരിക്കുന്നത്. യുക്രെയ്ൻ യുദ്ധവും റഷ്യ – യുഎസ് ശീതയുദ്ധവും ഇന്ധന ഉൽപാദനത്തെയും വിലയെയും നേരിട്ടു ബാധിക്കുന്നുണ്ട്.
റഷ്യയോടു നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യാന്തര ഊർജ ഏജൻസിയുടെ നേതൃത്വത്തിൽ കരുതൽ ഇന്ധനം വിതരണം ചെയ്തത് ഒപെക് രാജ്യങ്ങൾക്കു തിരിച്ചടിയായി. പൊതു അന്തരീക്ഷം സംഘർഷ ഭരിതമാകുമ്പോൾ എണ്ണ വിപണിയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന രാഷ്ട്രീയത്തിൽ ഒപെക് രാജ്യങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളാണ് വിലക്കയറ്റത്തിന്റെ കെടുതി അനുഭവിക്കേണ്ടി വരിക.
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന പാരമ്പര്യേതര ഊർജ ഉപയോഗ മേഖലയിലെ ഗവേഷണത്തിനു വേഗം കൂട്ടുമെന്നും ഭാവിയിൽ ഇന്ധന വിൽപനയ്ക്കു തിരിച്ചടിയാകുമെന്ന ഭയം ഒപെക് രാജ്യങ്ങൾക്കുമുണ്ട്. എന്നാൽ, ഉൽപാദനം കുറച്ചു വില ഉയർത്തുക എന്ന നിലപാടിൽ നിന്നു പിന്നാക്കം പോകാൻ രാജ്യങ്ങൾ തയാറല്ല. രാജ്യാന്തര വിപണിയിൽ ഇന്ധന വില 70 ഡോളർ എത്തിയെങ്കിലും അതിന്റെ ഗുണം കിട്ടാതെ പോയ ഇന്ത്യയിൽ പക്ഷേ, വിലക്കയറ്റത്തിന്റെ തിക്ത ഫലം സമീപ ഭാവിയിൽ പ്രതീക്ഷിക്കാം.