സത്യം പറഞ്ഞാല്‍ നമ്മുടെ പിള്ളേരുപോലും അറിഞ്ഞില്ല, ഇന്നാണ് പിള്ളേരോണമെന്ന്. കര്‍ക്കിടകത്തിന്റെ പഞ്ഞമൊക്കെ പെയ്‌തൊഴിഞ്ഞ മാനത്ത് ചിങ്ങവെയിലും തെളിഞ്ഞു. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായെത്തുന്ന പിള്ളേരോണം ആണിന്ന്. പോയകാല ബാല്യങ്ങള്‍ക്ക് മനസില്‍ അത്തപൂക്കളമിടുന്ന സുഖമായിരുന്നു പിള്ളേരോണം.
കര്‍ക്കിടകത്തിലെ തിരുവോണനാളാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. തീരാ ദുരിതങ്ങളും പട്ടിണിയും നിറഞ്ഞ അക്കാലത്ത് ഈ ഓണത്തിനും ഒരു സുഖമുണ്ടായിരുന്നു. പിന്നെ ഒരു ഒരുക്കമാണ്. 27 നാള്‍ കഴിഞ്ഞൊത്തുന്ന തിരുവോണത്തിനായി. പട്ടിണിയിലും സമൃദ്ധമായ സദ്യയും വേദനയിലും നിറഞ്ഞ പൂക്കളങ്ങളും തോരമഴയിലും ഓണക്കളികളും പിള്ളമനസില്‍ നിറഞ്ഞൊഴുകും. വരാനിരിക്കുന്നത് സമൃദ്ധിയുടെ തിരുവോണമല്ലേ.
വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങള്‍ കര്‍ക്കിടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോത്സവത്തില്‍ പങ്കുകൊള്ളാത്തവര്‍ പിന്നീടു വരുന്ന അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്താറുണ്ട്്. തിരുവോണത്തിനു 28 ദിവസം മുന്‍പുള്ള പിള്ളേരോണവും തിരുവോണത്തിനു ശേഷമുള്ള 28ാം ഓണവുമൊക്കെ ഒരുകാലത്ത് മലയാളിയുടെ വലിയ ആഘോഷങ്ങളായിരുന്നു.
ഇല്ലായ്മകളുടെ നടുവിലായിരുന്നു പിള്ളേരോണമെങ്കിലും മലയാളി അതും ആഘോഷിച്ചു. കര്‍ക്കിടകത്തിന്റെ രാമായണശീലുകള്‍ക്ക് കാതോര്‍ത്തവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പ്രയോഗത്തെ ജീവിതത്തിലേക്കെത്തിച്ചു. കുട്ടികള്‍ക്കായി മാത്രം നീക്കിവെച്ച അപൂര്‍വം ആഘോഷദിവസങ്ങളില്‍ ഒന്നുകൂടിയാണിത്. ഓണത്തിന്റെ വരവിനേയും ആവേശത്തേയും കുട്ടികളിലൂടെ നാട്ടിലേക്കെത്തിയ്ക്കുകയായിരുന്നു ഓരോ പിള്ളേരോണവും. കര്‍ക്കിടകത്തിന്റെ വേദനകള്‍ക്കിടയിലെ മധുരമുള്ള ഒരു ദിനവുമായിരുന്നു ഇത്.
പുതിയകാലമാണ്. പുതിയ പിളേളരുമാണ്. പിള്ളേരെന്ന പ്രയോഗം തന്നെയും ഇല്ലാതാകുന്നു. പോയകാല ഓണത്തിന്റെ ഒരടയാളമായിന്നും ഈ ദിനം വന്നു പോകുന്നു.