കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും പരിചയസമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായി മാറിയെന്നുമുൾപ്പടെ കമ്മിറ്റിയിൽ വിമർശനമുയർന്നു. മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണമെന്നും ജില്ലാകമ്മിറ്റിയിൽ ആവശ്യമുയർന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷവിമർശനമുയർന്നത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനുമെതിരെ ആയിരുന്നു വിമർശനങ്ങളേറെയും. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം എന്ന് തന്നെയായിരുന്നു പല അംഗങ്ങളും പ്രകടിപ്പിച്ച അഭിപ്രായം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശോഭിച്ചിരുന്ന പല വകുപ്പുകളും രണ്ടാം സർക്കാരിൽ മോശം പ്രകടനമായിരുന്നുവെന്നും ഇതിന് കാരണം പരിചയസമ്പത്തില്ലാത്ത മന്ത്രിമാരാണെന്നും പൊതുവായ വിമർശനമുയർന്നു.
മന്ത്രിസഭാ രൂപീകരണത്തിൽ തന്നെ രഹസ്യ അജണ്ട ഉണ്ടായിരുന്നു, കണ്ണൂർ ലോബിയാണ് സർക്കാരിനെയും പാർട്ടിയെയും നിയന്ത്രിക്കുന്നതെന്നും പല അംഗങ്ങളും ചൂണ്ടിക്കാട്ടി. വിമർശനങ്ങളോട് മുഖ്യമന്ത്രിയുടെ സമീപനമായിരുന്നു വിമർശനമേറെ നേരിട്ട മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിന് പിന്നാലെ മാർ കൂറിലോസുമായുണ്ടായ വിവാദങ്ങളും മൈക്ക് ഓപ്പറേറ്ററോടും അവതാരകയോടും മുഖ്യമന്ത്രി മോശമായി സംസാരിച്ചതുമെല്ലാം പല അംഗങ്ങളും കമ്മിറ്റിയിലുന്നയിച്ചു. രക്ഷാദൗത്യം എന്ന പേരിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രി കടന്നു എന്നായിരുന്നു മറ്റൊരു വിമർശനം.