കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. “അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല” രാഹുൽ ഗാന്ധി പറഞ്ഞു. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജൻസികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കൾക്ക് വോട്ട് അഭ്യർത്ഥിച്ചു കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്പോൾ ബിജെപി എംപിമാർ ഇയാൾ ഞങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു ഞാൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.