അദാനി ഗ്രൂപ്പിന്റെ കത്തിൽ കരാർ തുക ഉടൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. പുലിമുട്ട് നിർമാണത്തിനുള്ള കരാർ തുക ഉടൻ നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം സമാഹരിക്കും.
മുഖ്യമന്ത്രി, തുറമുഖ മന്ത്രി, ധനമന്ത്രി, സഹകരണ മന്ത്രി എന്നിവരുടെ യോഗത്തിലാണ് തീരുമാനം. സർക്കാർ ഈടിൽ 550 കോടി രൂപ തുറമുഖ നിർമാണത്തിനായി വായ്‌പയെടുക്കും. 347 കോടി രൂപ അദാനി ഗ്രൂപ്പിന് നൽകും. റോഡ് റെയിൽവേ പാതകൾക്കായി 100 കോടി അനുവദിക്കും. നാളെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്ന് സാങ്കേതികവശങ്ങൾ പരിശോധിക്കും.
അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സർക്കാരാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, പൊലീസിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കുകയാണ് ചിലർ. അത് നല്ല പ്രവണതയല്ല. വനിതകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.