തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് ഫുള്‍ബഞ്ചിന് വിടാനുള്ള രണ്ടംഗ ബഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹരജിയാണ് ലോകായുക്ത പരിഗണിക്കുന്നത്. ഉച്ചക്ക് 12 മണിക്കാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും അടങ്ങുന്ന ബഞ്ച് കേസ് പരിഗണിക്കുന്നത്. പുനഃപരിശോധന ഹരജിയുടെ തീര്‍പ്പിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസ് ഫുള്‍ ബഞ്ച് ഇന്ന് പരിഗണിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിക്കാരനെന്നായിരുന്നു ലോകായുക്തയുടെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഫുള്‍ബഞ്ചിന് വിട്ട ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാറിനെതിരെ ലോകായുക്തയും ഉപലോകായുക്തയും ആഞ്ഞടിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനുള്ളത് കൊണ്ട് കേസ് മാറ്റണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷന്‍ ആവശ്യപ്പെട്ടു.