കോഴിക്കോട്: നാടിനുവേണ്ടിയുള്ള വികസന കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചാത്തലസൗകര്യ വികസനത്തിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ കോഴിക്കോട് പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
കോഴിക്കോട്-കുറ്റ്യാടി റോഡിൽ കക്കാട് പള്ളിക്ക് സമീപത്തുനിന്ന് കല്ലോട് വരെ 2.78 കിലോമീറ്റർ നീളത്തിലാണ് ഉദ്ഘാടനം ചെയ്ത പേരാമ്പ്ര ബൈപാസ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 12 മീറ്റർ വീതിയിലാണ് ബൈപാസിന്റെ നിർമാണം. 2021 ഫെബ്രുവരി 14-ന് നിർമ്മാണം ആരംഭിച്ച പദ്ധതിക്കായി 47.65 കോടി രൂപ ചെലവിട്ടു. കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുകയാണെന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബൈപ്പാസ് തുറന്നതോടെ പേരാമ്പ്ര ടൗണിലെ ഗതാഗത കുരുക്കിന് അവസാനമാകും. 15 വർഷം മുമ്പ് 2008ലാണ് ബൈപാസിന് ആദ്യം ഭരണാനുമതി ലഭിച്ചത്. ആദ്യ അലൈൻമെന്റില് വീടുകളും പാടവും നഷ്ടമെടുന്നതിനാൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിർമാണം പൂർത്തിയായ ബദൽ അലൈമെന്റ് മുന്നോട്ടുവെച്ചു. ഹൈക്കോടതിയുടെ അംഗീകാരം കൂടി കിട്ടിയതോടെ ആ ബദൽ അലൈന്റമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു.