തിരുവനന്തപുരം:കേരള സ്റ്റോറിയുടെ ഉള്ളടക്കത്തിനെതിരെ നമ്മളെ അറിയാവുന്നവരെല്ലാം പ്രതികരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെ നോക്കിയാൽ ഉദ്ദേശം വ്യക്തമാണ്. അത് സംഘപരിവാർ ആണ്. ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം.
ഇതോടെ അവസാനിപ്പിക്കില്ല.അതവർ തുടർന്നുകൊണ്ടേ ഇരിക്കും. അവർക്ക് വേണ്ടത് ഒരുമയും ഐക്യവുമല്ല.ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഇതെല്ലാം ചെറുത്ത് മുന്നോട്ട് പോകാൻ കഴിയണമെന്നും അതിനായി യുവജനങ്ങൾ മുൻകയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വർഗീയ ദ്രുവീകരണം വളർന്ന് വരുന്നത് സാധാരണ അല്ല.
മത നിരപേക്ഷയുടെ മണ്ണാണ് ഇവിടെ. മത നിരപേക്ഷതയ്ക്ക് കോട്ടം തട്ടാൻ പാടില്ല. വർഗീയതയുമായി വിട്ടുവീഴ്ച ചെയ്യരുത്.വർഗീയത പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നിലപാട് എടുത്ത് മുന്നോട്ട് പോകണം.
പഴയകാലത്തെ സാമൂഹ്യ സാഹചര്യത്തെക്കാൾ ഗുരുതരമാണ് ഇന്നത്തെ സ്ഥിതി.എന്നിട്ടും പുതിയകാല സാഹിത്യത്തിൽ ഇതൊന്നും പ്രതിഫലിക്കുന്നില്ല.സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്ന രചനകൾ ഉണ്ടാകണം. സമൂഹത്തെ അന്ധകാരത്തിൽ തളച്ചിടുന്ന രചനകൾ ഉണ്ട്.ഇതിൽ ഏതു ഭാഗത്ത് നിലയുറപ്പിക്കണമെന്നത് എഴുത്തുകാർ തീരുമാനിക്കണം.
എല്ലാ മേഖലകളിലും എന്നപോലെ കലാസാഹിത്യരംഗത്തും സ്ത്രീകൾ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. സിനിമാ മേഖലയിലും ഈ മാറ്റം പ്രകടമാണ്. ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിത്. എംപിമാർക്ക് പോലും സ്വതന്ത്രമായി ഒന്നും എഴുതാൻ ആകാത്ത അവസ്ഥ. നിരവധി സാഹിത്യകാരന്മാർ ഫാസിസത്തിന്റെ ഇരകളായി. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി സംഘം ചേർന്ന് പോരാടേണ്ട കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.