തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ഇന്ന്. വാര്‍ഷികം ആഘോഷമാക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് യുഡിഎഫിന്റെ നീക്കം. ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ പ്രചരണം. അഴിമതിയും ക്രമസമാധാന പ്രശ്‌നങ്ങളിലും ഊന്നിയാണ് യുഡിഎഫിന്റെ പ്രതിരോധം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കും. പ്രകടനപത്രിയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് കാര്‍ഡ്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചു കഴിഞ്ഞു.
15,896 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം.