തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ നൽകിയ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
തന്റെ സിനിമയായ ‘19-ാം നൂറ്റാണ്ടിന്’ അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയനാണ് ആദ്യം രംഗത്തെത്തിയത്. ആരോപണം ശരിവെക്കുന്നതരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയൻ പുറത്തുവിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നൽകുകയും ചെയ്തു.
രചനാവിഭാഗത്തിലെ അവാർഡ് നിർണയത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലും ആരോപണങ്ങൾ ഉയർന്നു. എന്നാൽ, മന്ത്രി സജി ചെറിയാൻ അക്കാദമി ചെയർമാനെ പിന്തുണച്ച് രംഗത്തെത്തി. അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നും ആരോപണമുന്നയിക്കുന്നവർ നിയമപരമായി നീങ്ങട്ടേയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇടപെടലുകളൊന്നുമുണ്ടായിട്ടില്ലെന്ന് ജൂറി ചെയർമാനായിരുന്ന ഗൗതംഘോഷും പ്രതികരിച്ചു.