തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുടെ നാൾവഴികളും വിശദീകരിച്ചു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പദ്ധതി താമസിപ്പിച്ചെങ്കിലും പിന്നീട് വേഗമാർജിക്കാൻ കഴിഞ്ഞു. തുറമുഖം നൽകുന്ന വികസന സാധ്യതകളെക്കുറിച്ച് പൂർണമായ ധാരണ നമുക്കില്ലെന്നും വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
‘‘കേരളത്തിലെ ജീവിതനിലവാരത്തോത് ഉയർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിലേക്ക് ദൃഢനിശ്ചയത്തോടെ മുന്നേറാൻ ഈ തുറമുഖം നമുക്ക് കരുത്തു പകരുന്നു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് നാം മുന്നോട്ടു പോകുന്നത്. എല്ലാവരും ഒത്തുചേർന്നാൽ അസാധ്യമായത് ഒന്നുമില്ല. ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞവും എത്തുന്നത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ചില രാജ്യാന്തര ലോബികളും വാണിജ്യ ലോബികളും ഇതിനെതിരെ നീക്കം നടത്തിയിരുന്നു. അവർ പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാൻ നമുക്കായി.
കേരളം ഇന്ത്യയ്ക്ക് നൽകുന്ന മഹത്തായ സംഭാവനകളിൽ ഒന്നാണ് ഈ തുറമുഖം. ഈ ദിവസം കേരളത്തിനും രാജ്യത്തിന് ഒന്നാകെയും അഭിമാനിക്കാം. രാജ്യത്തെ മറ്റു തുറമുഖങ്ങൾക്കില്ലാത്ത ഒരുപാട് സവിശേഷതകൾ വിഴിഞ്ഞത്തിനുണ്ട്. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 11 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം. പ്രകൃതിദത്തമായി ഇത്രയും ആഴമുള്ള മറ്റൊരു തുറമുഖവും ഇന്ത്യയിലില്ല. ആദ്യഘട്ടത്തിൽ തയാറായ 400 മീറ്റർ ബർത്തിലേക്കാണ് ഇന്ന് കപ്പൽ എത്തിയിരിക്കുന്നത്. അദാനി പോർട്ടിന്റെ പ്രധാനികൾ പറഞ്ഞത് വരും ദിവസങ്ങളിൽ എട്ടു കപ്പലുകൾ കൂടി വരുമെന്നാണ്. അഞ്ചോ ആറോ മാസത്തിനുള്ളിൽ പണി പൂർത്തിയാവും, കമ്മിഷൻ ചെയ്യാനുമാവും. വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാവുന്നതിന്റെ അടുത്താണ് നമ്മളെന്നും പിണറായി വിജയൻ പറഞ്ഞു.