കൊച്ചി : ‘ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങൾ കൂടെയുണ്ട്’ എന്ന സന്ദേശമാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിനു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവർത്തികമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഒരിക്കലും നടക്കില്ലെന്നു കരുതിയ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
‘‘സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവുമായ കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസ് ശനിയാഴ്ച നിർത്തിവച്ചിരുന്നു. ഞായറാഴ്ചത്തെ പര്യടനം പരിമിതപ്പെടുത്തി. വെള്ളിയാഴ്ച രാത്രി തന്നെ മന്ത്രിസഭാംഗങ്ങൾ കൊച്ചിയിലെ ആശുപത്രിയിൽ എത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തെ കരുത്തുറ്റതാക്കുന്നതിന് നിസ്തുലമായ സംഭാവന നൽകിയ നേതാവാണ് കാനം. ആകസ്മികമായ ആ വേർപാട് പെട്ടെന്ന് പൊരുത്തപ്പെടാൻ ആവുന്നതോ നികത്താൻ കഴിയുന്നതോ അല്ല. ദീർഘകാലം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലിരിക്കുകയും നേർവഴിക്ക് നയിക്കുകയും ചെയ്ത കാനത്തിന്റെ സ്മരണ അനശ്വരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.