തിരുവനന്തപുരം: ലോക കേരളസഭ സ്ഥിരം സംവിധാനമാക്കാൻ നിയമനിർമാണം നടത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം ലോക കേരള സഭയിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കാൻ 15 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയാണ് നാലാം ലോക കേരളസഭ അവസാനിച്ചത്.
103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് നാലാമത് ലോകകേരള സഭയിൽ പങ്കെടുത്തത്. ഇന്നലെ നടന്ന 7 മേഖലാതല ചർച്ചയുടെ റിപ്പോർട്ടിങ് ഇന്ന് രാവിലെ സഭയിൽ നടന്നു. തുടർന്ന് അംഗങ്ങൾ വിവിധ നിർദേശങ്ങൾ സഭയ്ക്ക് മുന്നിൽ വച്ചു. ലോക കേരളസഭ സ്ഥിരം സംവിധാനമാക്കുന്നതിന് നിയമനിർമാണം നടത്തുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രവാസികൾക്ക് വേണ്ടി സംസ്ഥാനത്തിന് മാത്രം തീരുമാനമെടുത്ത് നടപ്പാക്കാൻ കഴിയാത്ത വിഷയങ്ങൾ ഉണ്ട്. അത് നടപ്പാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 പ്രമേയങ്ങൾ ലോക കേരളസഭ പാസാക്കി. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം ആയിരുന്നു പ്രധാനപ്പെട്ടത്.
ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ലോക കേരളസഭ ആവശ്യപ്പെട്ടു. പ്രതിപക്ഷം ലോക കേരള സഭയിൽ നിന്ന് വിട്ടുനിന്നെങ്കിലും പ്രതിപക്ഷ അനുകൂല പ്രവാസി സംഘടനകൾ സഭയുടെ ഭാഗമായിരുന്നു.