തിരുവനന്തപുരം : 2 ലക്ഷം കോടിയുടെ ബജറ്റിലേക്കു കടക്കുന്ന സംസ്ഥാന സർക്കാർ ഇൗ സാമ്പത്തിക വർഷം കടമെടുക്കാൻ പദ്ധതിയിടുന്നത് 45,000 കോടി രൂപ. ഇന്നു മുതൽ ശമ്പളവും പെൻഷനും കൊടുത്തു തുടങ്ങാൻ സർക്കാരിന്റെ കയ്യിൽ കാര്യമായി പണമില്ല. അതിനാൽ എത്രയും പെട്ടെന്ന് ഇൗ വർഷത്തേക്കുള്ള കടമെടുപ്പിനായി കേന്ദ്രാനുമതി കിട്ടേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഏറെ വൈകിയാണ് കടമെടുപ്പിനുള്ള അനുമതി കേന്ദ്രത്തിൽ നിന്നു ലഭിച്ചത്. മുൻപ് സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ അനുമതി ലഭിക്കുമായിരുന്നു. ഇക്കുറിയും വൈകിയാണ് അനുമതി ലഭിക്കുന്നതെങ്കിൽ സർക്കാർ പുതുവർഷത്തിന്റെ തുടക്കത്തിൽ പ്രതിസന്ധിയിലാകും.
റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണു സർക്കാർ ശമ്പളവും പെൻഷനും പെൻഷൻ പരിഷ്കരണ കുടിശികയും ആദ്യ ആഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കടമെടുപ്പിന് അനുമതി പിന്നെയും വൈകിയാൽ റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റും എടുക്കേണ്ടി വരും. 45,000 കോടി കടമെടുക്കാമെന്നു സർക്കാർ കണക്കുകൂട്ടുന്നെങ്കിലും ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും വായ്പയുടെ പേരിൽ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.