കണ്ണൂർ: കരിങ്കൊടി ഭയന്ന് മുഖ്യമന്ത്രിയുടെ യാത്ര ആകാശമാർഗ്ഗത്തിലേക്ക്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടിയിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബുള്ളറ്റ് പ്രൂഫ് കിയ കാർണിവലിന് പകരം ഹെലികോപ്റ്ററിലേക്ക് മാറിയത്.
വെള്ളി, ശനി ദിവസങ്ങളിൽ പിണറായിയിലെ തന്റെ വസതിയിൽ നിന്ന് കണ്ണൂർ ജില്ലയിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ആകാശമാർഗം തിരഞ്ഞെടുത്തത് കോൺഗ്രസുകാരെയും സി പി എം പ്രവർത്തകരേയും അമ്പരിപ്പിച്ചു. മുഖ്യമന്ത്രി സഞ്ചരിക്കേണ്ട പാതയോരങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അണിനിരന്നെങ്കിലും അദ്ദേഹത്തിന്റെ ആകാശയാത്ര എന്ന ‘ഒളിച്ചോട്ട’ത്തിൻ്റെ വാർത്തകളാണ് പിന്നാലെ പരന്നത്.
സംസ്ഥാനത്ത് ചെറിയ ദൂരങ്ങളിൽ പോലും ആകാശമാർഗം ഉപയോഗിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് വിജയൻ. സാമ്പത്തിക പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഇത്തരം യാത്രാമാർഗം മുഖ്യമന്ത്രി സ്വീകരിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.