തിരുവനന്തപുരം: സർക്കാരിന്റേത് നെൽ കർഷകരെ സഹായിക്കുന്ന നിലപാടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്ര വിഹിതം കിട്ടാൻ എട്ട് മാസം വരെ കാലതാമസമുണ്ടാകുന്നുവെന്നും 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ യാഥാർത്ഥ്യം അധികമാർക്കുമറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ നെല്ല് സംഭരിക്കുന്നതിന് കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ഏഴര വർഷമായി എടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നെല്ല് സംഭരിച്ചാൽ കർഷകന് പരമാവധി വേഗത്തിൽ പണമെത്തിക്കുന്നതിന് വേണ്ടി നിരവധി ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്.
കേന്ദ്രവിഹിതം കിട്ടാൻ എട്ട് മാസം വരെ സമയമെടുക്കുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് പി ആർ എസ് വായ്പ സംവിധാനം. ഇത് കർഷകർക്ക് ബാദ്ധ്യതയാകില്ല. ‘- മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണ പ്രസാദ് എന്ന് പറയുന്നയാൾക്ക് സംഭരിച്ച നെല്ലിന് പണം വായ്പയായിട്ടാണ് കൊടുത്തതെന്ന് പറഞ്ഞു. സംഭരിച്ച രണ്ട് മാസത്തിനുള്ളിൽ പണം കിട്ടിയെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.താൻ നൽകിയ നെല്ലിന് വായ്പയായിട്ടാണ് ബാങ്കിൽ നിന്ന് പണം നൽകിയതെന്നും ആയിരക്കണക്കിന് കർഷകർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നുമായിരുന്നു കൃഷ്ണ പ്രസാദ് നേരത്തെ പറഞ്ഞത്.