വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.പി.എം നേതാവ് ഇ.ഡി കസ്റ്റഡിയിൽ. വടക്കാഞ്ചേരി നഗരസഭ സി.പി.എം കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷനെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. കള്ളപ്പണ കേസിൽ ഒരു സി.പി.എം നേതാവിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത് ആദ്യമായാണ്.വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണ കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് അരവിന്ദാക്ഷൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെ ഏഴു മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.