സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനവുമായി യുവം പരിപാടിയിൽ നരേന്ദ്ര മോദി. സർക്കാരിന് തൊഴിൽ നൽകുന്നതിൽ ശ്രദ്ധയില്ലെന്ന് തുറന്നടിച്ച പ്രധാനമന്ത്രി സ്വർണക്കടത്തിനെ കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു.
‘ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാൾ ഒരു പാർട്ടിക്ക് പ്രാധാന്യം നൽകുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാൾ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു കൂട്ടരും ചേർന്ന് കേരളം കുട്ടിച്ചോറാക്കുകയാണ്’- പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി രാജ്യത്തെ കയറ്റുമതി വർധിപ്പിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാൽ മറ്റുചിലയാളുകളുടെ അധ്വാനം സ്വർണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരിൽ നിന്ന് ഇത് ഒളിച്ചുവയ്ക്കാൻ സാധ്യമല്ല. അധികാരത്തിലിരിക്കുന്നവർ എങ്ങനെയാണ് കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നതെന്ന് അവർക്കറിയാമെന്നും നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു.കൊവിഡ് കാലത്ത് കേരളം വളരെ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയെന്നും അതുകൊണ്ട് സൗജന്യമായി വാക്‌സിനും അരിയും നൽകിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു.