ടെൽഅവീവ്: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരായ ഫ്രാൻസിസ് മാർപാപ്പയുടെ വിമർശനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇസ്രയേൽ. മാർപാപ്പയുടെ വിമർശനങ്ങളോടുള്ള പ്രതിഷേധം വ്യക്തമാക്കാനായി വത്തിക്കാൻ സ്ഥാനപതിയെ ഇസ്രയേൽ വിളിപ്പിച്ചു. ജറൂസലേമിലെ വത്തിക്കാൻ സ്ഥാനപതി നൂൺസിയോ അഡോൾഫോ ടിറ്റോ യല്ലാനയെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറലാണ് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വടക്കന്‍ ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ മാര്‍പാപ്പ, ഇസ്രയേലിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ക്രിസ്മസ് ദിനത്തിൽ നടത്തിയ പ്രസംഗത്തിലും പോപ്പ് ഫ്രാൻസിസ് ഇസ്രയേലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും ലോകരാജ്യങ്ങൾ ഇടപെടണമെന്ന ആഹ്വാനമടക്കം മാർപാപ്പ നടത്തിയിുരന്നു.
‘ഗാസയില്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു, കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു, സ്‌കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു, എന്തൊരു ക്രൂരതയാണിത്…’ – ഇങ്ങനെയാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.