വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ചികിത്സയോട് മാർപാപ്പ പ്രതികരിക്കുന്നതായി വത്തിക്കാൻ അറിയിച്ചു.
ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ആരോഗ്യനില പതുക്കെ മെച്ചപ്പെട്ടുവരികയാണ്. നേരത്തെ നിശ്ചയിച്ചതുപ്രകാരം ചികിത്സകൾ തുടരുന്നുണ്ട്. ഇന്ന് പ്രാതൽ കഴിച്ച ശേഷം അദ്ദേഹം അൽപം പത്രം വായിക്കുകയും ജോലി തുടരുകയും ചെയ്തു. ആശുപത്രിയിലെ സ്വകാര്യ മുറിക്കകത്ത് അദ്ദേഹം പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു’-വത്തിക്കാൻ വക്താവ് മാറ്റിയ ബ്രൂണി പ്രസ്താവനയിൽ പറഞ്ഞു.
മണിക്കൂറുകളായി നിരവധി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മാർപാപ്പ ട്വീറ്റ് ചെയ്തു. ഈ അടുപ്പത്തിനും പ്രാർത്ഥനയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ തലവനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പത്താം വാർഷികാഘോഷം ഈ മാസം നടക്കാനിരിക്കെയാണ് ആരോഗ്യനില മോശമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നാണ് സൂചന.