റിയാദ്: സൗദി അറേബ്യയിലെ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെന്റിലുമായി കഴിയുന്നത് 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജയിലിലും ഡിപ്പോർട്ടേഷൻ സെന്റിലും നടത്തിയ സന്ദർശനത്തിനിടെയാണ് ഈ കണക്ക് ലഭ്യമായത്.
സെൻട്രൽ ജയിലിൽവിവിധ കേസുകളിൽപ്പെട്ട് 22 മലയാളികളാണ് കഴിയുന്നത്. മലയാളി തടവുകാരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ടവരാണ്. ഇവരുൾപ്പെടെ ആകെ 60 ഇന്ത്യക്കാർ ഈ ജയിലിൽ കഴിയുന്നുണ്ട്.ഡിപ്പോർട്ടേഷൻ സെന്ററിലുള്ള ആറു മലയാളികളടക്കം 31 ഇന്ത്യക്കാരുണ്ട്.. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസുലർ കൗൺസിലർ കിഷൻ സിംഗിന്റെ നേതൃത്വത്തിലാണ് ജയിൽ സന്ദർശനം നടത്തിയത്. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്യിദ് കാശിഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഘം ജിസാൻ സെൻട്രൽ ജയിൽ അഡീഷനൽ ഡയറക്ടർ നവാഫ് അഹമ്മദ് സെർഹിയുമായും ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.ഇന്ത്യൻ തടവുകാരിൽ എട്ടുപേർക്ക് ശിക്ഷ ഇളവിനുവേണ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു.