അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രൂക്ഷ പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാഷ്ട്രീയത്തെ തരംതാഴ്ത്തുകയാണ്, കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഭരണഘടനാവിരുദ്ധവും തെറ്റുമാണെന്നും പ്രിയങ്ക ഗാന്ധി.
‘തെരഞ്ഞെടുപ്പിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്‌രിവാളിന്റെ ഈ രീതിയിൽ ലക്ഷ്യമിടുന്നത് ഗുരുതരമായ തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. ഈ രീതിയിൽ രാഷ്ട്രീയത്തെ തരംതാഴ്ത്തുന്നത് പ്രധാനമന്ത്രിക്കോ അദേഹത്തിന്റെ സർക്കാരിനോ ചേരുന്നതല്ല’ എന്ന് പ്രിയങ്ക തന്റെ എക്‌സിൽ കുറിച്ചു.
‘തെരഞ്ഞെടുപ്പിൽ പോരാടി വിമർശകരെ നേരിടുകയും അവരുടെ നയങ്ങളെയും പ്രവർത്തനശൈലിയേയും ആക്രമിക്കുന്നതാണ് ജനാധിപത്യരീതി. എന്നാൽ രാജ്യത്തെ സ്ഥാപനങ്ങളുടെ ശക്തി ഉപയോഗിച്ച് എതിരാളികളെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്നും പ്രിയങ്ക കുറിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, എല്ലാ നേതാക്കളെയും ഇ.ഡിയുടെയും സി.ബി.ഐയുടെയും ഇൻകം ടാക്‌സിന്റെയും സമ്മർദ്ദത്തിലാക്കി. ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു, ഇത്രയും ലജ്ജാകരമായ സംഭവങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.