Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുതിര്‍ന്ന കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു

മുതിര്‍ന്ന കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു

പത്തനാപുരം : മുതിര്‍ന്ന കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഭാര്യയുടെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. നവതി പിന്നിട്ടെങ്കിലും ഊര്‍ജ്ജസ്വലതയോടെ ഗാന്ധിഭവനില്‍ പാടിയും കഥ പറഞ്ഞും എല്ലാവരെയും സന്തോഷിപ്പിച്ചു കഴിഞ്ഞുവരവേയാണ് അപ്രതീക്ഷിത അന്ത്യം. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെ ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

കഥാപ്രസംഗരംഗത്ത് 66 വര്‍ഷം പൂര്‍ത്തിയാക്കിയ തങ്കപ്പന്റെ നവതി ആഘോഷം 2021ല്‍ ഗാന്ധിഭവനില്‍ സംഘടിപ്പിച്ചപ്പോള്‍ മന്ത്രി സജി ചെറിയാന്‍ പൊന്നാടയണിയിച്ചും കിരീടം ചാര്‍ത്തിയും അദ്ദേഹത്തെ ആദരിച്ചിരുന്നു. കാഥികയായിരുന്ന ഭാര്യ പൂവത്തൂര്‍ പൊന്നമ്മ രണ്ടു വൃക്കകളും തകരാറിലായി മരിച്ചതിനെ തുടര്‍ന്ന് അവരുടെ പരിചാരികയായിരുന്ന അജിതയ്ക്ക് സ്വന്തം വീടും സ്ഥലവും എഴുതി നല്‍കിയശേഷം 2019 നവംബര്‍ 30നാണ് തങ്കപ്പന്‍ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തിയത്. തങ്കപ്പന്‍-പൊന്നമ്മ ദമ്പതികള്‍ക്കു മക്കളില്ല.

ചലച്ചിത്ര നടന്‍ ടി.പി.മാധവന്‍, ആകാശവാണിയിലെ അനൗണ്‍സറും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന കെ.ആര്‍.ചന്ദ്രമോഹന്‍ എന്നിവരോടൊപ്പം ഗാന്ധിഭവനിലെ കലാസാംസ്‌കാരിക പരിപാടികളുടെ ചുക്കാന്‍ പിടിച്ചിരുന്നതും തങ്കപ്പനാണ്. കേരളത്തിലെ പ്രഗത്ഭനായ മൃദംഗ വിദ്വാനായിരുന്ന കേശവനാശാന്റെയും പാര്‍വതിയുടെയും പത്തു മക്കളില്‍ രണ്ടാമനായ തങ്കപ്പന്‍ പത്താം ക്ലാസ് കഴിഞ്ഞ് മൃദംഗവാദനം, നാടകം എന്നിവയിലൂടെയാണ് കലാജീവിതം തുടങ്ങിയത്. ഗഞ്ചിറ, ഹാര്‍മോണിയം, ബാന്‍സോ എന്നിവയും അദ്ദേഹം വായിക്കുമായിരുന്നു. 13-ാം വയസ്സില്‍ പുനലൂരില്‍ ‘ഭക്തനന്ദനാര്‍’ എന്ന കഥ അവതരിപ്പിച്ചായിരുന്നു തുടക്കം.

ആകാശവാണിയില്‍ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത് കാഥികന്‍ തങ്കപ്പനാണ്. കഥാപ്രസംഗം ഗ്രാമഫോണില്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ കാഥികനും അദ്ദേഹം തന്നെയാണ്. 1960 മുതല്‍ ചെന്നൈ എച്ച്എംവി സ്റ്റുഡിയോയിലാണ് ഭക്തനന്ദനാര്‍, നല്ലകുടുംബം, കുടുംബാസൂത്രണം എന്നീ കഥാപ്രസംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഭക്തനന്ദനാര്‍ നാനൂറ് വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ തങ്കപ്പന്‍ നല്ലകുടുംബം, അശ്വത്ഥാമാവ്, കുടുംബാസൂത്രണം, ഗുരുവന്ദനം, വേളാങ്കണ്ണിമാതാ, തുടങ്ങി മുപ്പതിലേറെ കഥകള്‍ രണ്ടായിരത്തിലേറെ വേദികളില്‍ അവതരിപ്പിച്ചു.

വേലുത്തമ്പിദളവ എന്ന കഥ അവതരിപ്പിച്ചത് 40 തവണ ആകാശവാണി പുനഃപ്രക്ഷേപണം ചെയ്തു. ഇതായിരുന്നു ഇദ്ദേഹം പ്രഫഷനല്‍ വേദിയില്‍ അവതരിപ്പിച്ച അവസാനത്തെ കഥാപ്രസംഗവും. ഇതിനിടയില്‍ ജീസസ്, പുത്രകാമേഷ്ടി, സംഭവാമി യുഗേ യുഗേ, മനുഷ്യബന്ധങ്ങള്‍, സ്‌നേഹദീപമേ മിഴി തുറക്കൂ എന്നീ സിനിമകളിലും അഭിനയിച്ചു. കഴിഞ്ഞ ഓണത്തിന് ഗാന്ധിഭവനില്‍ വേലുത്തമ്പിദളവ എന്ന കഥയാണ് അവസാനമായി അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചത്. 2013ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

നാളെ രാവിലെ 11 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനവും, ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ശാന്തികാവാടത്തില്‍ ശവസംസ്‌കാരവും നടക്കും. ജനാര്‍ദ്ദനന്‍, മണി, ശശിധരന്‍ (തബലിസ്റ്റ്), രാധാകൃഷ്ണന്‍, പുനലൂര്‍ സാംബന്‍ (നാടകനടന്‍), സരസ്വതി, ശാന്ത, കനകമ്മ, രാധാമണി എന്നിവര്‍ സഹോദരങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com