കോട്ടയം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് തിരഞ്ഞെടുപ്പ് ചുമതല. ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. പഞ്ചായത്തുകളുടെ ചുമതലയും മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും ഒരുക്കങ്ങള്‍.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആദ്യമണിക്കൂറില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്, കൂട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനും തീരുമാനമായി. ബ്ലോക്ക് പരിധികളിലെ സംഘടനാ സംവിധാനങ്ങളോട് ഇതിനോടകം തന്നെ സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയില്ലാതെ പുതുപ്പള്ളിയില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സംഘടന ശക്തമാവണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് തന്നെയാണ് മുന്‍ഗണന. സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍ ആണെന്നും മകള്‍ അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു. നേരത്തെ ഇരുവരുടെ പേരുകളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടിരുന്നു.