കോട്ടയം:പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് ചിന്തിക്കണം. ഇത്രയും നാൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽകുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നത്.
താൻ എന്ത് ചെയ്‌തുവെന്ന് ഇവിടുത്തെ നാട്ടുകാരോട് ചോദിക്കണമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അതേസമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെയാണ് പെരുന്നാൾ, വൻ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപ്റ്റംബർ ഒന്നിന് മുൻപോ എട്ടിന് ശേഷമോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.