കോട്ടയം: കേരളത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്‌നേഹത്തിന്റെ നീരുറവ രൂപപ്പെടുത്തുന്നതിനുള്ള തുടക്കമായിരിക്കും പുതുപ്പള്ളി തിരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി പകര്‍ന്നുകൊടുത്ത സ്‌നേഹവായ്പിന്റെ വികാരം തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാവും. ജനങ്ങളുടെ പിന്തുണയുണ്ടാവും. ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ സമൂഹത്തില്‍ ഉണ്ട്. കോണ്‍ഗ്രസിന് നല്ല ആത്മവിശ്വാസമുണ്ട്. മികച്ച ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നും കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞു.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നാളെ മുതല്‍ സജീവമാവും. അതിനുള്ള ടീമിനെ കെപിസിസി പ്രഖ്യാപിക്കും. സര്‍ക്കാരിനെ വിലയിരുത്തലാവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും നാണം കെട്ട സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ആ വിധിയെഴുത്ത് തന്നെയാവും പുതുപ്പള്ളിയില്‍ എന്നതിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റകെട്ടായാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പുതുപ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായി മാറി. ജനങ്ങളുടെ മനസ്സില്‍ അദ്ദേഹം വിശുദ്ധനാണ്. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം ചെയ്ത നേതാവാണ് ചാണ്ടി ഉമ്മന്‍. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം നടന്നയാളാണ് ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥിത്വം സഹതാപമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.