കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ മുന്നേ പ്രഖ്യാപിച്ച് യുഡിഎഫ് . തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കേവലം മൂന്ന് മണിക്കൂറിനകമാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്‍തൂക്കം നേടിയ അതേ തന്ത്രമാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് പയറ്റിയത്.
തൃക്കാക്കരയില്‍ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ആയിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനാണ് സ്ഥാനാര്‍ഥി എന്നത് മാത്രമാണ് വ്യത്യാസം. തൃക്കാക്കരയിലേതിനെക്കാള്‍ ഒരല്‍പം വേഗത്തില്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നതും കോണ്‍ഗ്രസിന് വലിയ നേട്ടമാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഇത്ര വേഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതും ഇതാദ്യമാണ്. സാധാരണ തിരഞ്ഞെടുപ്പ് വേളകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് വലിയ തര്‍ക്കങ്ങളും തുടര്‍ന്ന് നീണ്ട ചര്‍ച്ചകളും നടക്കുന്ന കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിനുള്ള സൂചനകളാണ് തൃക്കാക്കരയും പുതുപ്പള്ളിയും നല്‍കുന്നത്.