കോട്ടയം: പുതുപ്പള്ളിയില്‍ കൃത്യമായി ആസൂത്രണം ചെയ്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഭൂരിപക്ഷം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കും. സര്‍ക്കാരിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് വി ഡി സതീശന്റെ സാന്നിധ്യം. തൃക്കാക്കര മോഡലില്‍ യുവ നേതാക്കളെ മുതല്‍ മുതിര്‍ന്നവരെ ഉള്‍പ്പെടെ മണ്ഡലത്തിലെത്തി പ്രചാരണം കൊഴുപ്പിക്കാനാണ് യുഡിഎഫ് കേന്ദ്രത്തിന്റെ തീരുമാനം.
വി ഡി സതീശനൊപ്പം മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് മണ്ഡലത്തിന്റെ ചുമതല. ഇതിന് താഴെയായി എട്ട് പഞ്ചായത്തുകളുടെ ചുമതലയിലേക്ക് എട്ട് ജനറല്‍ സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ എട്ട് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
കോട്ടയം ഡിസിസി ഭാരവാഹികള്‍ക്ക് നേരത്തെ തന്നെ പഞ്ചായത്തിന്റെ ചുമതല നല്‍കിയിരുന്നു. നേതാക്കളുടെ പരിപാടി ഏകോപിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി കെ ജയന്തിനും ജ്യോതികുമാര്‍ ചാമക്കാലക്കുമാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല.
അതേസമയം പുതുപ്പള്ളിയില്‍ വികസനമായിരിക്കും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് പ്രകടമാക്കുന്നതാണ് മണ്ഡലം കണ്‍വെന്‍ഷന്‍. പുതുപള്ളിയിലേത് വികസന വിരുദ്ധ നിലപാടിനെ വിലയിരുത്തുന്ന തിരഞ്ഞടുപ്പായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഘടക കക്ഷി നേതാക്കള്‍ എല്ലാവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു