പുതിയ പുതുപ്പള്ളി സൃഷ്ടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടത് അനുകൂല വിധിയെഴുത്താകും ഉണ്ടാകുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താന്‍ പങ്കുവച്ചത്. വികസന ചര്‍ച്ചയ്ക്കും സ്നേഹ സംവാദത്തിനുമായി താനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ ക്ഷണിച്ചത്. പക്ഷേ യുഡിഎഫ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്നും ജെയ്ക് ആരോപിച്ചു. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണ് ഇന്ന്. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ഇടതുപക്ഷം ജയിക്കുമെന്നും ജെയ്ക് പറഞ്ഞു.
ഇതിനിടെ പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിലെ വികസനം മുടക്കിയത് ഇടതുപക്ഷമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിയോടെ വോട്ട് ചെയ്യുമെന്നും പ്രകൃതി അനുകൂലമാകും. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
രാവിലെ ഏഴിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്.
25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങൾക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങൾക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്.