മോസ്കോ : കാൻസർ ചെറുക്കുന്ന വാക്സീനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിൽ റഷ്യൻ ശാസ്ത്രജ്ഞർ വിജയത്തോടടുക്കുകയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. ഇതു താമസിയാതെ രോഗികൾക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ച പുട്ടിൻ, ഇവ ഏതെല്ലാം കാൻസറുകൾക്കാകും ഉപയോഗപ്രദമാകുക തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.
സെർവിക്കൽ കാൻസർ ഉൾപ്പെടെ ചില അർബുദങ്ങൾക്കു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ 6 അംഗീകൃത വാക്സീനുകൾ ഇന്നു ലോകത്തുണ്ട്. കരളിൽ അർബുദത്തിനു കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനും വാക്സീൻ ലഭ്യമാണ്. കഴിഞ്ഞ വർഷം ബ്രിട്ടിഷ് സർക്കാർ ജർമൻ കമ്പനിയായ ബയോഎൻടെക്കുമായി എംആർഎൻഎ കാൻസർ വാക്സീൻ സംബന്ധിച്ച കരാറിൽ ഏർപ്പെട്ടു. 2030 വരെയുള്ള കാലയളവിൽ 10,000 ഷോട്ടുകൾ നൽകാനാണു പദ്ധതി. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും മെർക് ആൻഡ് കോയും വികസിപ്പിച്ച വാക്സീൻ സ്കിൻ കാൻസർ ചികിത്സയിൽ ഗുണം ചെയ്യുന്നതായി പരീക്ഷണഘട്ടത്തിൽ കണ്ടെത്തിയിരുന്നു.