മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതം ഉണ്ടായതായി ‘മിറർ’ പത്രം റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ തറയിൽ വീണുകിടന്ന പുട്ടിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും വാർത്തയിൽ പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുട്ടിന് (71) വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ പുറത്തുവന്നെങ്കിലും എല്ലാം ഔദ്യോഗികമായി നിഷേധിക്കുകയായിരുന്നു. പുതിയ പ്രചാരണവും വ്യാജവാർത്തയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഞായറാഴ്ച രാത്രി 9ന് പുട്ടിന്റെ മുറിയിൽനിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ഭടന്മാർ അദ്ദേഹം ബോധരഹിതനായി തറയിൽ കിടക്കുന്നതാണ് കണ്ടത്. വീഴുന്നതിനിടയിൽ കട്ടിലിനു സമീപത്തെ മേശപ്പുറത്തിരുന്ന സാധനങ്ങൾ മറിഞ്ഞുവീണതിനെ തുടർന്നാണ് ശബ്ദമുണ്ടായത്. ഉടൻ ഡോക്ടർമാരെത്തി. വസതിയിലെ പ്രത്യേക മെഡിക്കൽ സൗകര്യങ്ങളുള്ള മുറിയിലേക്ക് പ്രസിഡന്റിനെ മാറ്റി. അടിയന്തര ചികിത്സ ലഭിച്ചു താമസിയാതെ അദ്ദേഹം ബോധം വീണ്ടെടുത്തെന്നും ഇപ്പോൾ നില ഗുരുതരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.