ദോഹ : ഖത്തർ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇനി വീടിനടുത്തുള്ള സ്കൂളുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ എളുപ്പമാകും. 2024-25 അധ്യയന വർഷം മുതൽ ഇതിനുള്ള പുതിയ സംവിധാനം നിലവിൽ വരും. സ്കൂൾ ഗതാഗത കുരുക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനുമാണ് പുതിയ നടപടി.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മാരിഫ് പോർട്ടൽ വഴി രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. വീടിന്‍റെ വൈദ്യുതി ബിൽ അടക്കമുള്ള രേഖകൾ സഹിതം അപേക്ഷിക്കണം. പ്രൈമറി മുതൽ പ്രിപ്പറേറ്ററി വരെയോ പ്രിപ്പറേറ്ററി മുതൽ സെക്കൻഡറി വരെയോ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ട്രാൻസ്ഫർ അനുവദിക്കുക. സഹോദരങ്ങൾക്കും ഒരേ സ്കൂളിലേക്ക് ട്രാൻസ്ഫർ ലഭിക്കും. സ്വദേശികൾ, ഖത്തരി വനിതകളുടെ മക്കൾ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് മേയ് 19 മുതൽ ജൂൺ 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
പ്രവാസി വിദ്യാർഥികൾക്ക് ജൂൺ 9 മുതൽ 20 വരെയും അടുത്ത അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാം. സ്പെഷ്യലൈസ്ഡ് സ്കൂളുകളിലേക്കുള്ള ട്രാൻസ്ഫറിന് ജൂൺ 20 വരെയാണ് സമയപരിധി.