വിശുദ്ധ റമദാനെ വരവേൽകാനായി ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം ഒരുങ്ങുന്നതിനിടെ, ഖത്തറില്‍ റമദാനിലെ രാത്രി കാലങ്ങളിൽ വിനോദം കൂടി സമ്മാനിക്കുന്ന സ്പോർട്സ് ഫെസ്റ്റും വരുന്നു. ആസ്പയർസോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റമദാൻ സ്പോർട്സ് ഫെസ്റ്റിവൽ മാർച്ച് 28 മുതൽ ഏപ്രിൽ എട്ടു വരെ നടക്കും.
12 ദിവസങ്ങളിലായി എട്ട് ഇനങ്ങളിൽ കായിക മത്സരങ്ങൾ അരങ്ങേറും. റമദാനില്‍ സാധാരണയായി നടക്കുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഒമ്പതാം പതിപ്പിനാണ് ഇത്തവണ ആസ്പയർ വേദിയാവുന്നത്. വ്രതവും പ്രാർഥനയുമായി ചെലവഴിക്കുന്ന മാസത്തില്‍ ചുരുങ്ങിയ സമയം കായിക വിനോദത്തിനും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പുരുഷ വിഭാഗത്തിൽ ഫുട്ബോള്‍, ബാസ്‌കറ്റ്‌ബോൾ,വനിതകൾക്കായി വോളിബോൾ, ഫുട്‌സാൽ, ബാസ്‌കറ്റ്‌ബോൾ എന്നീ ടീം ഇനങ്ങളിലെ മത്സരങ്ങളാണുള്ളത്. താൽപര്യമുള്ളവർക്ക് ആസ്പയർ സോൺ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.