ദോഹ: അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവിക റൂട്ടാണ് തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യു ടെര്‍മിനല്‍സ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യു.എ.ഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്. ‘മിഡിലീസ്റ്റ് 6’ എന്നാണ് ഈ കപ്പല്‍ പാതയ്ക്ക് പേര്.
സ്ഥിരമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങൾക്കിടയിൽ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗതത്തിന് മിഡിലീസ്റ്റ് 6 വഴിവെക്കുമെന്ന് ഖത്തറിലെ തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യൂ ടെർമിനൽസ് പറഞ്ഞു. സൗദി, ഒമാൻ, യു.എ.ഇ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങളിലൂടെയായിരിക്കും പുതിയ സർവീസ് .
ഈ വർഷം മേയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ തുറമുഖങ്ങളും ചെങ്കടലിലെയും, പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെ തുറമുഖങ്ങളും ബന്ധിപ്പിച്ച് ദോഹ ഹമദ് പോർട്ടിൽ നിന്നും പുതിയൊരു സർവീസ് ആരംഭിച്ചിരുന്നു. മേഖലയിലേക്കുള്ള ചരക്കുഗതാഗതം സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ വർഷം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യാ എക്‌സ്പ്രസ് ഉൾപ്പെടെ അഞ്ച് സർവീസുകളാണ് തുടങ്ങിയത്.