ദോഹ: വിനോദ സഞ്ചാരമേഖലയിൽ തിളക്കമാർന്ന നേട്ടവുമായി ഖത്തർ. ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യപകുതിയിൽ ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാണ് ഖത്തർ. ലോകകപ്പിന് ശേഷം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 95 ശതമാനം വർധനയുണ്ടായി.
അറബ് മേഖലയിൽ ആദ്യമായി എത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഖത്തർ സ്വയം അടയാളപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് പ്രകാരം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 95 ശതമാനമാണ് വർധന. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച കുതിപ്പാണിത്.