ദോഹ: ഖത്തർ ദേശീയ വിഷൻ 2030ന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസ്ഥിതി വികസന പദ്ധതികളെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി. ദോഹ എക്സ്പോയ്ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ, സമൂഹ്യമാധ്യമമായ എക്സിലൂടെയാണ് അമീറിന്റെ പ്രതികരണം. കാലാവസ്ഥാ വ്യതിയാനത്തെയും, മരുഭൂവൽകരണത്തെയും ചെറുക്കുകയെന്നത് ഖത്തര്‍ ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണെന്ന് അമീര്‍ വ്യക്തമാക്കി.
2008ൽ രാജ്യം ദീർഘവീക്ഷണത്തോടെ പ്രഖ്യാപിച്ച ഖത്തർ ദേശീയ വിഷൻ 2030ൻെറ നാല് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസ്ഥിതി വികസനവും. മരുഭൂവൽകരണവും, കാലാവസ്ഥാ വ്യതിയാനവും നേരിടുകയെന്നതിൽ നിർണായകമാണ് ദോഹ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോയും. മേഖലയിലും അറബ് രാജ്യത്തുമായി നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സിബിഷനാണ് ഖത്തർ വേദിയാവുന്നത്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികളെ അമീര്‍എക്സ്പോയിലേക്ക് സ്വാഗതം ചെയ്തു.