ദോഹ : അടുത്ത ഏതാനും വർഷത്തിനുള്ളിൽ ഖത്തർ എയർവേയ്‌സിന്റെ എയർബസ് 380 വിമാനങ്ങളുടെ സർവീസ് ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ. എയർബസ് 380 തകരാറുകൾ നേരിട്ടിട്ടുണ്ടെന്നും വരും വർഷങ്ങളിലായി അവയുടെ ഉപയോഗം കമ്പനി നിർത്തലാക്കുമെന്നും അൽബേക്കർ പാരിസ് എയർഷോയിൽ വ്യക്തമാക്കി.
10 എ380 വിമാനങ്ങളിൽ 8 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. എ380 വിമാനങ്ങൾക്ക് പകരം എ350 ഇനി ഉപയോഗിക്കും. 2020ൽ കോവിഡ് കാലത്താണ് തകരാർ കണ്ടെത്തിയതിനെ തുടർന്ന് എ380 വിമാനങ്ങൾ നിലത്തിറക്കിയത്. 2021 ൽ വ്യോമ മേഖലയിൽ തിരക്കേറിയതോടെ തകരാറുകൾ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുകയായിരുന്നു.
എ380 വിമാനങ്ങളുടെ തകരാർ സംബന്ധിച്ച് നിർമാണ കമ്പനിയായ എയർബസിനെതിരെ ഖത്തർ എയർവേയ്‌സ് കോടതിയിൽ നൽകിയ കേസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒത്തുതീർപ്പായത്. നിയമ യുദ്ധങ്ങൾക്കിടെ റദ്ദാക്കിയ 73 വിമാനങ്ങൾക്കുള്ള ഓർഡറും പുനഃസ്ഥാപിച്ചിരുന്നു.
അടുത്തിടെയാണ് പുതിയ ദീർഘദൂര വിമാനങ്ങളിൽ നിന്ന് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കുന്നതായി അൽബേക്കർ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസിലെ അതേ സൗകര്യങ്ങൾ ബിസിനസ് ക്ലാസിനും നൽകുന്നതിനെ തുടർന്നാണിത്.