ദോഹ: ജനുവരി 19 മുതൽ 28 വരെ ഓൾഡ് ദോഹ തുറമുഖത്ത് നടക്കുന്ന മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിൽ പ്രാദേശിക-അന്തർദേശീയ സന്ദർശകരെ കാത്തിരിക്കുന്നത് പ്രത്യേക പരിപാടികളാണെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
10 ദിവസത്തെ ഫെസ്റ്റിവലിലുള്ള സംഗീത-തത്സമയ പ്രകടനങ്ങൾ, അന്താരാഷ്ട്ര വിഭവങ്ങൾ ലഭിക്കുന്ന കിയോസ്‌കുകൾ, കുട്ടികൾക്കുള്ള വായു നിറച്ച കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് പുറമേ പ്രകാശിക്കുന്ന കൂറ്റൻ പട്ടങ്ങളുടെ പ്രദർശനമാകും ഇത്തവണത്തെ മുഖ്യ ആകർഷണം. വൈകുന്നേരങ്ങളിലാണ് ഇവയുടെ പ്രദർശനം.
അതേസമയം കഴിഞ്ഞ രണ്ട് പതിപ്പുകളെ അപേക്ഷിച്ച് ഇത്തവണ പങ്കെടുക്കുന്ന ബലൂണുകളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ രണ്ട് പതിപ്പുകളിൽ യഥാക്രമം 30, 40 ബലൂണുകൾ ഉണ്ടായിരുന്നത് ഈ പതിപ്പിൽ 50 ആയി വർധിപ്പിച്ചു. കൂടാതെ പട്ടങ്ങളുടെ പ്രദർശനം ഉച്ചയ്ക്കും രാത്രിയിലുമുണ്ടാകും.
ഗ്രാൻഡ് ടെർമിനലിന് പിന്നിലുള്ള ഗ്രീൻ ഏരിയയിലെ ഓൾഡ് ദോഹ തുറമുഖത്താണ് മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ നടക്കുന്നത്. വൈകുന്നേരം നാല് മണി മുതൽ ഒൻപത് മണി വരെയാണ് പ്രവർത്തനസമയം. അതേസമയം ഭക്ഷണ കിയോസ്‌കുകളും കുട്ടികൾക്കുള്ള പ്രവർത്തനങ്ങളും രാത്രി 11 വരെ പ്രവർത്തിക്കും. ഫെസ്റിവലിലേക്കുള്ള ടിക്കറ്റുകൾ qatarballoonfestival.com, asfary.com എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.