ദോഹ : ഖത്തർ ബലൂൺ ഫെസ്റ്റിവൽ കോർണിഷിലെ പഴയ ദോഹ തുറമുഖത്ത് ഇന്ന് തുടങ്ങും. ഗ്രാൻഡ് ടെർമിനലിന് പുറകിലെ മൈതാനമാണ് വേദി. 50 ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, ഉച്ചയ്ക്കു ശേഷവും രാത്രികളിലും ആകാശത്തിന് തിളക്കമേകാൻ ഭീമൻ പട്ടത്തിന്റെ പ്രദർശനം എന്നിവയാണ് 10 ദിവസത്തെ മേളയുടെ പ്രധാന സവിശേഷതകൾ.
സന്ദർശകർക്കായി തത്സമയ സംഗീത പരിപാടികൾ, വിനോദ കാഴ്ചകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രുചികരമായ വിഭവങ്ങളുമായി ഫുഡ് ട്രക്കുകളും സജീവമാകും. വ്യത്യസ്ത ഡിസൈനുകളിലുള്ള കൂറ്റൻ ഹോട്ട് എയർ ബലൂണുകളാണ് പ്രദർശനത്തിലുള്ളത്. എല്ലാ പ്രായക്കാർക്കുമായി കാർണിവൽ, ഫുട്‌ബോൾ ഡാർട്‌സ്, വെർച്വൽ റിയാലിറ്റി, ഇലക്ട്രോണിക് തുടങ്ങി വ്യത്യസ്ത തരം ഗെയിമുകളുമായി പ്രത്യേക ഗെയിം സോണുമുണ്ട്.
പ്രതിദിനം അയ്യായിരത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസേന വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ. കുട്ടികളുടെ വിനോദ പരിപാടികളും ഫുഡ് കിയോസ്‌ക്കികളും രാത്രി 11 വരെ പ്രവർത്തിക്കും. 499 റിയാലിൽ ഹോട്ട് എയർ ബലൂണിൽ 30-45 മിനിറ്റ് ആകാശ സഞ്ചാരവും നടത്താം. മാർച്ച് വരെ ഈ സേവനം ലഭിക്കും. ഇതിനായി https://qatarballoonfestival.com/ എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യണം.