ദോഹ : ആകാശക്കാഴ്ചയൊരുക്കി ഖത്തർ ബലൂൺ ഫെസ്റ്റിവലിന് കത്താറയിൽ തുടക്കമായി. 55 ഹോട്ട് എയർ ബലൂണുകളാണ് ഇത്തവണയുള്ളത്. സൗത്ത് പാർക്കിൽ ആരംഭിച്ച ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ കുട്ടികളും കുടുംബങ്ങളുമായി സന്ദർശക തിരക്കേറി. ഫ്രാൻസ്, തുർക്കി, സൗദി അറേബ്യ, യുകെ, ജർമനി എന്നിങ്ങനെ പതിനെട്ടോളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് പറക്കുന്നത്. വിവിധ തരം പക്ഷിമൃഗാദികളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ഡിസൈനുകളിൽ പല വർണങ്ങളിലും ആകൃതികളിലുമുള്ള 55 കൂറ്റൻ ഹോട്ട് എയർ ബലൂണുകളാണ് പ്രദർശിപ്പിക്കുന്നത്.
ബലൂണിൽ ആകാശ സഞ്ചാരത്തിന് താൽപര്യമുള്ളവർക്ക് രാവിലെയും വൈകിട്ടും കത്താറയിൽ നിന്ന് സ്‌പോർട്‌സ് സിറ്റി, മരുഭൂമി, ലുസെയ്ൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് പറക്കാം. ഒരാൾക്ക് 499 റിയാൽ ആണ് നിരക്ക്. തൽസമയ വിനോദ പരിപാടികൾ, കുട്ടികൾക്കായി ഇൻഫ്ലേറ്റബിൾ കളിസ്ഥലം, ഗെയിമുകൾ, ഭക്ഷണ ട്രക്കുകൾ, വിഐപി മജ്‌ലിസുകൾ തുടങ്ങി ബലൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളും സജീവമാണ്. സന്ദർശകരെ സ്വീകരിക്കാനും കുട്ടികളെ വിസ്മയിപ്പിക്കാനും പൊയ്കാൽ കലാകാരന്മാരും പ്രകടനം നടത്തുന്നുണ്ട്. വൈകിട്ട് 4 മുതൽ രാത്രി 9.40 വരെ വർണാഭമായ പരേഡും കാണാം. ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യം. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ ബലൂൺ ഫെസ്റ്റിവൽ ആസ്വദിക്കാം.