ദോഹ: ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ. 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഗാസയിലേക്ക് ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തി. ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്. ഇവയില്‍ ആകെ 1501 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അല്‍ അരിഷി വഴി എത്തിച്ചു.