ദോഹ: ഖത്തറിൽ 588 ഇന്ത്യക്കാർ ജയിൽ ശിക്ഷ അനുഭവിക്കുന്നതായി കേന്ദ്രസർക്കാർ. വിവിധ വിദേശരാജ്യങ്ങളിലായി 9728 ഇന്ത്യക്കാരാണ് ജയിലുകളിൽ കഴിയുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോകസഭയെയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലാണ് ഗൾഫിൽ കൂടുതൽ ഇന്ത്യക്കാർ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. 2594 പേരാണ് ഇവിടെ ശിക്ഷ അനുഭവിക്കുന്നത്.
യു.എ.ഇയിൽ 2308 പേർ തടവിൽ കഴിയുന്നുണ്ട്. കുവൈത്തിൽ 386, ബഹ്‌റൈനിൽ 313 എന്നിങ്ങനെയാണ് തടവിൽ കഴിയുന്നവരുടെ കണക്ക്. നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാറുണ്ട്. ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാവും. ഇവർ ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിൽ അനുഭവിച്ചാൽ മതിയെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.