ദോഹ : ഖത്തറിന്റെ സാമ്പത്തിക, തൊഴിൽ വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യൂസിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശിവൽക്കരണം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതുതായി അംഗീകാരം നൽകിയ 2024ലെ 12-ാം നമ്പർ നിയമമാണ് സ്വകാര്യമേഖലകളിലെ സ്വദേശിവൽക്കരണത്തിന് വഴിയൊരുക്കുന്നത്. ‘സ്വദേശിവൽക്കരണ നിയമം വിപണിയും തൊഴിൽ വൈവിധ്യവും ഉൾകൊണ്ട് സ്വദേശി യുവാക്കൾക്ക് പ്രഫഷനൽ മികവ് വളർത്താനും തൊഴിൽ പരിചയം നേടുന്നതിനും അവസരമൊരുക്കുന്നു. മത്സരാധിഷ്ടിതമായ തൊഴിൽ സാഹചര്യത്തിലൂടെ തങ്ങളുടെ സാങ്കേതിക മികവും, വ്യക്തിഗത മിടുക്കും മെച്ചപ്പെടുത്താൻ സദേശികൾക്ക് സാധ്യമാകും.