ദോഹ: ഖത്തറിൽ ഈ വർഷമെത്തിയ സന്ദർശകരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. രാജ്യത്തെ വിനോദ സഞ്ചാരികളുടെ എണ്ണം ഇത്തവണ സർവകാല റെക്കോർഡിലെത്തുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ അവസാനം വരെയുള്ള കണക്കുകളാണ് ഖത്തർ ടൂറിസം പുറത്തുവിട്ടത്. ഇതനുസരിച്ച് രാജ്യത്തെ സന്ദർശകരുടെ എണ്ണം 40 ലക്ഷം കടന്നിട്ടുണ്ട്. 2023 ഇതേ കാലയവളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം കൂടുതലാണിത്.
മേഖലയിലെ കാലാവസ്ഥ ശൈത്യകാലത്തിലേക്ക് കടക്കുന്നതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ യൂറോപ്പിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സഞ്ചാരികളെത്തും. ഈ മാസങ്ങളിൽ ക്രൂയിസ് സീസണും സജീവമാകും. ഇതോടെ സന്ദർശകരുടെ എണ്ണം സർവകാല റെക്കോർഡിലേത്തുമെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ വരെയുള്ള സന്ദർശകരിൽ 41.8 ശതമാനവും ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ജിസിസിക്ക് പുറത്ത് ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഖത്തറിൽ സന്ദർശനത്തിന് എത്തിയവരിൽ കൂടുതൽ. സന്ദർശകരിൽ 56.2 ശതമാനം വ്യോമമാർഗവും 37.8 ശതമാനം കരമാർഗവും 5.96 ശതമാനം കടൽമാർഗവുമാണ് ഖത്തറിലെത്തിയത്.