ദോഹ: വിസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവരെ രാജ്യം വിടാൻ അനുവദിക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ. നാളെ മുതൽ മെയ് ഒമ്പത് വരെയുള്ള മൂന്ന് മാസമാണ് കാലാവധി. മതിയായ താമസ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് പിഴയോ തടവോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഗ്രേസ് പിരീഡ് അഥവാ പൊതു മാപ്പ്. നാളെ മുതൽ മൂന്ന് മാസത്തിനകം ഇങ്ങനെയുള്ളവർ രാജ്യം വിടണം. റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുകയോ അല്ലെങ്കിൽ എൻട്രി വിസയുടെ കീഴിൽ രാജ്യത്ത് അവരുടെ അംഗീകൃത കാലയളവ് കവിയുകയോ ചെയ്തവർക്ക് ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്താം.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകളും യാത്രക്കുള്ള ടിക്കറ്റുമായി ഹമദ് അന്താരാഷ്ട്ര വിമാനത്തിൽ നേരിട്ട് ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യത്തേക്ക് പോകാം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് ഫോളോ അപ്പ് കേന്ദ്രത്തിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയും പൊതു മാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു.



