Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ: 11ന് ഔദ്യോഗിക അവധി

ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ: 11ന് ഔദ്യോഗിക അവധി

ദോഹ : ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ. “ഒരിക്കലും വൈകരുത്” ( Never  Too  Late) എന്ന ആശയത്തോടെയാണ്  ഈ വർഷത്തെ ദേശീയ കായിക ദിനം കൊണ്ടാടുന്നത് . ഈ വർഷത്തെ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 11ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ  വിവിധ സ്ഥാപനങ്ങളും കായിക കൂട്ടായ്മകളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.

ഖത്തർ നാഷനൽ ഒളിംപിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബ്ബുകൾ, മന്ത്രാലയങ്ങൾ, ഖത്തറിലെ പ്രമുഖ കമ്പനികൾ  തുടങ്ങിയവയ്ക്ക് കീഴിൽ വിപുലമായ പരിപാടികളാണ്  ചൊവ്വാഴ്ച നടക്കുക. ഖത്തർ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ചൊവ്വാഴ്ച ലുസൈൽ ബൊളിവാർഡിൽ നടക്കും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഓട്ടം, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു കിലോമീറ്റർ- കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.

ഹാഫ് മാരത്തൺ രാവിലെ 6ന് ആരംഭിക്കും, തുടർന്ന് 10 കിലോമീറ്റർ ഓട്ടം രാവിലെ 7ന് നടക്കും. 5 കിലോമീറ്റർ ഓട്ടം രാവിലെ 7:30 നും  ഒരു കിലോമീറ്റർ ഫൺ റൺ രാവിലെ 8:30 നുമാണ്  നടക്കുക. ഹാഫ് മാരത്തൺ 2025ൽ  പങ്കെടുക്കനായി പ്രവാസികൾ ഉൾപ്പെടെ  നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതുവരെ റജിസ്റ്റർ ചെയ്തതായി  സംഘാടകർ അറിയിച്ചു. വിവിധ വിഭാഗങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്  ഉൾപ്പെടയുള്ള  സമ്മാനങ്ങളും  ഒരുക്കിയിട്ടുണ്ട്. കാണികളായി എത്തുന്നവർക്ക് ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് ക്യുഒസി നിരവധി കായിക വിനോദ പരിപാടികളും  സംഘടിപ്പിക്കുന്നുണ്ട്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, ഷൂട്ടിങ്, വോളിബോൾ, ബോക്‌സിങ്, ആയോധനകല തുടങ്ങിയ കായിക ഇനങ്ങളാണ് നടക്കുക.

ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) ചൊവ്വാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുണ്ട്. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾകൊള്ളുന്ന എജ്യുക്കേഷൻ സിറ്റി ട്രയാത്ത്‌ലോൺ,എജ്യുക്കേഷൻ സിറ്റി റൺ എന്ന പേരിൽ 10K, 5K, 3K ഓട്ടം, എഡ്യൂക്കേഷൻ സിറ്റി മൗണ്ടൻ ബൈക്ക് ട്രയൽ റേസുകൾ എന്നിവയാണ്  പ്രധാന പരിപാടികൾ. വനിതകൾക്കായി  എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വിമൻസ് ഫിറ്റ്നസ് ചലഞ്ച്, വനിതാ ഫുട്ബോൾ, ഓട്ടം എന്നിവയും സംഘടിപ്പിക്കും. ഓക്സിജൻ പാർക്കിലെ ഫാമിലി സോണിൽ കുട്ടികൾക്കും  കുടുംബങ്ങൾക്കുമായി വിപുലമായ പരിപാടികൾ  ഒരുക്കിയിട്ടുണ്ട്. കൂടാതെ വികലാംഗർക്കുള്ള  സ്‌പോർട്‌സ് പരിപാടികളും  എജ്യുക്കേഷൻ സിറ്റിയിൽ നടക്കും.


ഖത്തർ  ടൂറിസത്തിന് കീഴിലുള്ള  വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന  ഫൺ റൺ  ചൊവ്വാഴ്ച  വൈകുന്നേരം 5.50 ന്  മുശൈരിബ് ഡൗൺ ടൗണ്ണിൽ നടക്കും  ഖത്തർ നാഷനൽ ലൈബ്രറി  സംഘടിപ്പിക്കുന്ന  പരിപാടികൾ  ഉച്ചക്ക്  ഒരു മണി മുതൽ നാല് മണി വരെ നാഷണൽ ലൈബ്രറി മുഖ്യ കവാടത്തിനടുത്തു വച്ച് നടക്കും. ഖത്തർ സൈക്ലിസ്റ്റ് സെന്റ‍ർ  കായിക ദിനപരിപാടികൾ എജ്യുക്കേഷൻ  സിറ്റിയിലെ സെറിമോണിയൽ കോർട്ടിൽ  നടക്കും. ഖത്തർ സ്വിമ്മിങ് അസോസിയേഷൻ പരിപാടികൾ  ഹമദ്  അക്വാട്ടിക്  സെന്ററിൽ  രാവിലെ  ഒൻപത്  മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും. കൂടാതെ ഖത്തറിലെ വിവിധ  മന്ത്രലയങ്ങൾക്ക് കീഴിലും  കോർപ്പറേറ്റ് കമ്പനികൾക്ക്‌  കീഴിലും  അവരുടെ ജീവനക്കാർക്കായി കായിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com